അതിഗംഭീരമായ  മോട്ടിവേഷന്‍  ക്ലാസുകള്‍ 
'Fire in The Belly' .
അരവയര്‍ നിറക്കാന്‍ വകയില്ലാത്തവന് 
ആരെകൊന്നായാലും വിശപ്പടക്കാനുള്ള തത്രപ്പാട് .
വിശപ്പിന്റെ  കത്തലില്‍  വയറുകരിയുന്നവന്  
ആമാശയത്തിലെ തീയാണുവലുത് .
ക്യാമ്പസിന്റെ ആരുംകാണാമൂലയില്‍ 
കെട്ടിമറിഞ്ഞ കാമകേളികള്‍ക്കൊടുവില്‍ 
ലിംഗ-യോനി സംഭോഗത്തില്‍ 
അടിവയറ്റിലൂറിവരുന്ന പാപ ജന്മത്തിന്‍ 
പടുതീകെടുത്താന്‍ -
സ്വകാര്യ ആശുപത്രിയിലെ കത്തിയും , കത്രികയു -
മടങ്ങുന്ന ഫയര്‍ ഫൈറ്റിംഗ് സിസ്റ്റം .
ഒടുവില്‍ ചവുട്ടികെടുത്തിയാകുപ്പയില്‍ 
പൂഴ്ത്തിവച്ച കരിക്കട്ട .
പഞ്ചനക്ഷത്ര ഹോട്ടലിലെ 
ശീതീകരിച്ച മുറിയിലെ അതിഗംഭീര 
മോട്ടിവേഷന്‍ ക്ലാസ് .
പറിച്ചെറിഞ്ഞ പടുതീചവിട്ടികടന്നാ-
ത്തരുണീമണികള്‍ നേരെ റാംപിലേക്ക് ,
ലോക സൌന്ദര്യധാമമാകാന്‍ .
വിശപ്പിന്റെ വിളിയില്‍ , സഹജന്റെ
കരളുപറിച്ചുതിന്നുന്ന ഡോക്കുമെന്ററികണ്ട് 
അതിന്റെ സത്തയുള്‍ക്കൊണ്ട് 
ആയിരംവായില്‍കയറിയിറങ്ങിയ 
ഫോര്‍ക്കും നൈഫുമായി ഇറച്ചിമാത്രംതിരിഞ്ഞ്
വായില്‍തിരുകികയറ്റി ചവച്ചുതുപ്പുന്നജൂറി .
അതിഗംഭീര ക്ലാസുകള്‍ , കൈയടികള്‍ .
പിന്നെ പഞ്ചനക്ഷത്ര വേശ്യാലയങ്ങള്‍തേടി 
സംഭോഗത്തിന്റെ പുതിയ 
മോട്ടിവേഷന്‍ ക്ലാസെടുക്കാനുള്ള യാത്ര .! 
What a motivational talk ! 
"Fire in The Belly".


ചെന്നിനായകത്തിന്‍  കൈപ്പില്‍  
കുഞ്ഞിനു നിഷേധിക്കപ്പെട്ടത്  
മാതൃത്വത്തിന്റെ മധുരമായിരുന്നു .
മാതാവുകാത്തുസൂക്ഷിച്ചത് 
മാറിടത്തിന്റെ വടിവും ! .

 

ഇതുവരെയും ഞങ്ങള്‍ താണ്ടിയത്
ഒരേവഴികളായിരുന്നു .
തറവാടും ഒരേഗര്‍ഭപാത്രമായിരുന്നു.
ധമനികളിലൂടെയോടിയിരുന്ന
രക്തവര്‍ണ്ണവും ചുവപ്പായിരുന്നു.
അത്യാഗ്രഹത്തിന്റെ പെരുവഴിയിലെവിടെയോ-
'കറുത്തചോരവാര്‍ന്ന' ഹൃദയവുമായി പിടയുമ്പോള്‍
ഞാന്‍ കേട്ടതിതുമാത്രം -
" ഈ ജിവിതതിരക്കിന്‍വഴിയില്‍
നീയെനിക്കു വെറുമപരിചിതന്‍മാത്രം".

ഓര്‍മ്മകളുടെ ഇരുട്ടറയില്‍ ഞാന്‍ തടവിലായിരുന്നു.
വേദനകളുടെ കിടക്കയായിരുന്നു  എന്നും
കാലം എനിക്കായി വിരിച്ചത്.
കണ്ണുനീരിന്റെ ഉപ്പായിരുന്നു  
എന്റെ നാവറിഞ്ഞിരുന്ന ഒരേയൊരു രുചി.
നിറകണ്ണുനീരിന്‍ പ്രിസത്തിലൂടെയുള്ള
അവ്യക്തതയായിരുന്നു എന്നും എന്റെ കാഴ്ച.
ഏകാന്തതയായിരുന്നു എന്നും എന്റെ കൂട്ടുകാരി.
എന്നിലവശേഷിച്ചിരുന്ന ഒരെയോരുവികാരം
ഭയമായിരുന്നു -
ശിഷ്ടജീവിതം ജീവിച്ചുതീര്‍ക്കാനുള്ള ഭയം.
ഓരോ ശവസംസ്കാരവാര്‍ത്തകളും 
ഞാന്‍ കേട്ടിരുന്നത് 
ഒരായിരം പ്രതീക്ഷകളോടെയായിരുന്നു.
എന്റെ ഊഴത്തിനായുള്ള കാത്തിരിപ്പോടെ
എന്റെ ശവസംസ്ക്കാരത്തിനായി.  

ഇരുട്ടിന്റെ ഭയത്തിലും
പ്രതീക്ഷയുടെ പുത്തന്‍ പ്രഭാതത്തിനായിരുന്നു
പൂമോട്ടുകാത്തിരുന്നത്.തന്റെ വശ്യ ഭംഗി ലോകത്തെ കാണിക്കാന്‍ .

വിശപ്പിന്റെ വിളിയില്‍

പുഴുക്കുഞ്ഞുതിന്നുതീര്‍ത്തതും
ആ പ്രതീക്ഷയായിരുന്നു .ചിരകുവിരിച്ചുലോകത്തെ കാണിക്കാനുള്ള

പുത്തന്‍ പ്രതീക്ഷക്കായി ...








ഇരുട്ടില്‍ നിന്നും വെളിച്ചത്തിന്റെ

മേച്ചില്‍പുറങ്ങള്‍തേടാന്‍ മാറിന്റെചൂടില്‍
അടവെച്ച വികാരത്തിന്റെ മുട്ടകള്‍ ...
കണ്ണുനീരിന്റെ ഉപ്പുകൂട്ടികഴിക്കാന്‍
ബാക്കിവച്ച അവസാനത്തെ ഉരുള...
ജീവന്റെ തിരക്കിട്ടവഴികളില്‍ നിന്നും
ഓര്‍മ്മയുടെ തിരക്കൊഴിഞ്ഞ
ഊടുവഴിയിലേക്ക് ഒരു പ്രയാണം
ചോരവാര്‍ന്നഹൃത്തിന്റെ ജീവിക്കാനുള്ള
ഒടുക്കത്തെ മോഹം ...( നടക്കാത്തത്) ...
ഒടുവില്‍ തലക്കലീചന്ദനതിരിയായി
ഓര്‍മ്മതന്‍ തീയിലെരിഞ്ഞുതീര്‍ന്നീടാത്ത
ഒരു നേര്‍ത്തശ്വാസമായ്...
ബാക്കിവച്ചോരീപുക...വെളിച്ചത്തിന്റെ
കുഴിമാടത്തിലെ കാലത്തിന്‍ കാറ്റിലെരിയാന്‍
കൊതിച്ച്ചോരീ കരുന്തിരി ..,
എന്റെ ജീവചരിത്രം ...
കാലമെഴുതിയത് ...

വിട ...


ഇവിടെ ഒരിക്കല്‍കൂടി, ഓര്‍മ്മകളുറങ്ങുന്ന ഈ നടക്കല്ലില്‍ 
ഓര്‍മ്മകളുടെ ഭാണ്ഡം അഴിച്ചുവച്ച് വീണ്ടും ഒരു പഥികനായി 
ഓര്‍മ്മയിലെ സുഖമുള്ള കുട്ടിക്കാലത്തേക്ക് ഇനിയൊരു തിരിച്ചുപോക്ക്,
അതുണ്ടാവുമെന്നുള്ള അവസാന പ്രതീക്ഷയും 
കയ്യിലെ വിഷക്കുപ്പിയില്‍ ഞാന്‍ അലിയിച്ചുചേര്‍ത്തിരുന്നു.
ഇനിയൊരു വിടവാങ്ങല്‍ ...
ഓര്‍മ്മകള്‍ നനയാതെ ഞാന്‍ കാത്തുസൂക്ഷിച്ചിരുന്ന 
ആ കാലന്‍കുടയും  എവിടെയോ കൈമോശം വന്നിരിക്കുന്നു .
ആരോടും വിടപറയാ‍നീല്ലാത്തവന്റെ ഒടുക്കത്തെ വിടപറച്ചില്‍.
ഓര്‍മ്മകളുടെയുമിനീരിനോപ്പം ജീവിതവിഷം -
'രുചിച്ചിറക്കുമ്പോഴും' വേദനതോനുന്നുണ്ടായിരുന്നില്ല..
അപ്പോഴും  ആ നടക്കല്ലിലിരുന്ന്‍ ഓര്‍മ്മകളുടെ ചിറകേറിപ്പറക്കാന്‍
തൂവല്‍മിനുക്കുകയയിരിന്നു, ഓര്‍മ്മത്തൂവല്‍ ..




ഞാന്‍ എല്ലാം കാണുന്നുണ്ടായിരുന്നു ,
പക്ഷെ പക്ഷെ ഞാന്‍ അന്ധനായിരുന്നു
ഞാന്‍ എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു
പക്ഷെ ഞാന്‍ ബധിരനായിരുന്നു.
എന്റെ മൌനത്തിന്റെ സ്വരം
നിശബ്ദതയുടെ സംഗീതം ...
അതിന് ആസ്വാദകര്‍ ആരുമുണ്ടായിരുന്നില്ല
നീയോഴികെ....
ഇനി  മൌനത്തിന്‍ മുരളിയില്‍ എന്റെ 
വിരഹത്തിന്‍ സംഗീതം ആരും കേള്‍ക്കില്ല ..
തകര്‍ന്ന മുരളിയിലൂതാന്‍ ഒരുനിശ്വാസംപോലും
ഞാന്‍ ബാക്കി വച്ചിട്ടല്ല പോയത് ...
കാരണം
എന്റെ മൌനത്തിന്‍ മുരളിയുടെ നിശബ്ദ സംഗീതം
എന്നും നിനക്ക്, നിനക്ക്  മാത്രമായിരുന്നു ..

മറവി

അന്ന്,
മറവി ,
          ഞാന്‍ നിന്നെ മറക്കാന്‍ കൊതിച്ചത്

         നീയില്ലായിരുന്നെങ്കില്‍ എന്ന് നിനച്ചത്

         ഉത്തരകടലാസില്‍ നീ എന്നെ ചതിച്ചവള്‍

        നീ എനെ പ്രജ്ഞയറ്റവനാക്കിയവള്‍
ഇന്ന്,

മറവി,
         നീയെത്ര സുന്ദരി .

         എന്റെ മരണത്തെ മറപ്പിച്ചവള്‍

         ജീവിക്കാന്‍ പ്രാചോദനമായവള്‍

         മനസിലെ മുറിപ്പാടുണക്കിയവള്‍

         മരിച്ച മനസിന്‌ പുതുജീവനായവള്‍
വീണ്ടും ,
മറവി,
   എന്റെ ഏകാന്തതകളില്‍ ഞാന്‍ ഭയക്കുന്നവള്‍

         എന്റെ ദു:സ്വപ്നങ്ങളിലെ നായിക
എങ്കിലും ,
മറവി,
         നീ എന്റെ തകര്‍ന്ന ഹൃദയത്തെ മറന്നു കളഞ്ഞല്ലോ

          എന്നിലെ  മരിക്കാനുള്ള  ചിന്ത പോലും
          നിനക്ക് മരിപ്പിക്കാന്‍ കഴിഞ്ഞില്ലല്ലോ

         നീയെന്റെയരികില്‍ ഉണ്ടായിരുന്നു എങ്കില്‍
         ഞാന്‍ മരിക്കുകയില്ലയിരുന്നു .

          എന്നിട്ടും മരണത്തിലും നീ എന്നെ വിട്ടുപോകുന്നില്ലല്ലോ

         എനിക്കവളെ മറക്കാനും കഴിയുന്നില്ലല്ലോ

         മനസിന്റെ മുറിപ്പാട് നീ ഇപ്പോള്‍ മായ്ക്കാറില്ല അല്ലെ ?


      

നിശബ്ദതയുടെ സംഗീതം ഞാന്‍ ആസ്വദിച്ചുതുടങ്ങിയപ്പോഴേക്കും
എന്റെ മൌനം ലോകാരവത്തില്‍ 
അലിഞ്ഞു പോയിരുന്നു ..
ശബ്ദത്തിന്റെ തലങ്ങള്‍ തേടി ഞാന്‍ ഇറങ്ങിയാപ്പോള്‍ എന്റെ ശബ്ദവും
മൌനത്തില്‍ ലയിച്ചുചേര്‍ന്നിരുന്നു...
ഇനിയിവിടെ ഞാനും മൌനവും മാത്രം ...
ഏകാന്തതയുടെ ഈയമങ്ങളില്‍ ഇനിയെനിക്ക് കൂട്ടായി നിശബ്ദതയുറയോഴിച്ചെടുത്ത
മൌനം മാത്രം ...

Newer Posts Older Posts Home

Blogger Template by Blogcrowds