ഇതുവരെയും ഞങ്ങള്‍ താണ്ടിയത്
ഒരേവഴികളായിരുന്നു .
തറവാടും ഒരേഗര്‍ഭപാത്രമായിരുന്നു.
ധമനികളിലൂടെയോടിയിരുന്ന
രക്തവര്‍ണ്ണവും ചുവപ്പായിരുന്നു.
അത്യാഗ്രഹത്തിന്റെ പെരുവഴിയിലെവിടെയോ-
'കറുത്തചോരവാര്‍ന്ന' ഹൃദയവുമായി പിടയുമ്പോള്‍
ഞാന്‍ കേട്ടതിതുമാത്രം -
" ഈ ജിവിതതിരക്കിന്‍വഴിയില്‍
നീയെനിക്കു വെറുമപരിചിതന്‍മാത്രം".

ഓര്‍മ്മകളുടെ ഇരുട്ടറയില്‍ ഞാന്‍ തടവിലായിരുന്നു.
വേദനകളുടെ കിടക്കയായിരുന്നു  എന്നും
കാലം എനിക്കായി വിരിച്ചത്.
കണ്ണുനീരിന്റെ ഉപ്പായിരുന്നു  
എന്റെ നാവറിഞ്ഞിരുന്ന ഒരേയൊരു രുചി.
നിറകണ്ണുനീരിന്‍ പ്രിസത്തിലൂടെയുള്ള
അവ്യക്തതയായിരുന്നു എന്നും എന്റെ കാഴ്ച.
ഏകാന്തതയായിരുന്നു എന്നും എന്റെ കൂട്ടുകാരി.
എന്നിലവശേഷിച്ചിരുന്ന ഒരെയോരുവികാരം
ഭയമായിരുന്നു -
ശിഷ്ടജീവിതം ജീവിച്ചുതീര്‍ക്കാനുള്ള ഭയം.
ഓരോ ശവസംസ്കാരവാര്‍ത്തകളും 
ഞാന്‍ കേട്ടിരുന്നത് 
ഒരായിരം പ്രതീക്ഷകളോടെയായിരുന്നു.
എന്റെ ഊഴത്തിനായുള്ള കാത്തിരിപ്പോടെ
എന്റെ ശവസംസ്ക്കാരത്തിനായി.  

Newer Posts Older Posts Home

Blogger Template by Blogcrowds