Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

ലവണതയില്‍
=========
സ്വന്തമായൊരുകടല്‍.
അടയാത്തകണ്ണിലെസ്വപ്‌നങ്ങള്‍ 
ജലനീലിമയില്‍ചുംബിച്ച്
മേഖങ്ങളിലര്‍പ്പിച്ച്.

പച്ചില സാരിചുറ്റി 
മസാലമേക്കപ്പിട്ട്  
തീന്‍മേശയില്‍ 
ലവണതനാവില്‍.

വലതകര്‍ത്തുപറക്കാന്‍ 
ചിറകു കരുത്താര്‍ന്നില്ല,
സ്വച്ഛതലവണതയില്‍നിന്നും 
നാവിന്‍കടലിലൊതുങ്ങി  
ലവണതയില്‍നിന്നും 
ലവണതയിലേക്ക്.
=========== 

NB: ജനുവരി 2012 , തോര്‍ച്ച സമാന്തരമാസികയില്‍ വന്ന കവിത


 ഇടതൂര്‍ന്ന നിബിഡതകള്‍(വനങ്ങള്‍)ക്കപ്പുറം 
തെളിവാര്‍ന്നോരരുവികള്‍കടന്നാല്‍ 
നനവാര്‍ന്നപുല്‍മേടുകള്‍ക്കുമേലെ
ഒരൊറ്റ മയിലിരിപ്പുണ്ടാകും,
അഴകാര്‍ന്ന പീലികള്‍ നീര്‍ത്താതെ 
കുതിര്‍ത്തുന്ന  കര്‍ക്കിടകത്തെപേടിച്ചല്ല .
എരിക്കുന്നകാട്ടുതീയേയും.

ഇടതൂര്‍ന്ന നിബിഡതകള്‍(ഫ്ലാറ്റുകള്‍)ക്കിപ്പുറം
ഒഴുക്കുനിലച്ചഅഴുക്കുചാലുകളിലേക്ക് 
മകളെവലിച്ചിഴക്കുന്നഅച്ഛനമാര്‍.
മിനുമിനുത്ത മെത്തകളിലേക്ക് 
തൂക്കിയളന്നിട്ടമകള്‍ക്കുകാവലാളച്ഛന്‍ !

ഇരുളടച്ചജനാലകള്‍ക്കപ്പുറം
അളന്നുവിറ്റതുലാസുംപിടിച്ചോരായിരമച്ഛനമാര്‍.
ഉള്ളില്‍ ഉറവവറ്റിയകണ്ണുകളുമായി  
വിപണനമൂല്യമുള്ള 
ഒരായിരം ഒറ്റമയിലുകള്‍. 

 ഇക്കാലമത്രയും മുന്കാഴ്ചയില്ലാതെ 
പിന്നോട്ടുമാത്രംനടന്ന പൂഴിയുടെവഴികള്‍.
ചിരിച്ചുകൊണ്ടുനീതീര്‍ത്ത,
തലകൂര്‍പ്പിച്ചുകമഴ്ത്തിവച്ച ചതിയുടെകൂനകള്‍ !.
വിഷംനിറച്ചകാപട്യത്തിന്‍മായാലോകം.
നൈമിഷികതപൂത്തുലയുന്നകള്ളിമുള്‍ക്കാട്.
ഹേ മനുഷ്യാ,നീവെറുമൊരുകുഴിയാന .
നിനക്കിനിയെങ്കിലുമൊരു പൂത്തുമ്പിയാകാമോ ?
നേര്‍കാഴ്ചയുള്ള പൂത്തുമ്പിയായി, ഒരുനിമിഷമെങ്കിലും?
 





അനന്തതയിലുമൊരുമിക്കാന്‍കഴിയാത്ത  
സമാന്തരമനസുകളെക്കുറിച്ച്  കവിപറഞ്ഞതറിയാതെ
ചിതലുകള്‍വരച്ചതത്രയും തമ്മില്‍പിണഞ്ഞവരകളായിരുന്നു
തുടക്കത്തില്‍നിന്നൊടുക്കംതേടിയുള്ളവരകള്‍ (വഴികള്‍).
വിയര്‍പ്പില്‍ചാലിച്ച ജീവിതചിത്രങ്ങള്‍ക്കെല്ലാം രക്തവര്‍ണ്ണമായിരുന്നോ?
കരള്‍ഭിത്തിയില്‍ കാലംകോറിയിട്ടചിത്രങ്ങള്‍
ഇണചേരുന്ന നാഗങ്ങളുടെയായിരുന്നു.
വിഷലിപ്തമായഭിത്തികളില്‍  ചുറ്റിപിണഞ്ഞചിത്രങ്ങള്‍ 
കരളുറഞ്ഞുപോയ കനവിന്റെപ്രതിബിംബങ്ങളായിരുന്നു.
ജീവിതം വരച്ച ചിത്രങ്ങള്‍ കാണാന്‍ ചിറകുമുളച്ചചിതലിന് 
നെയ്ത്തിരിയൊരുക്കിയത്  അഗ്നിശുധിയിലന്ത്യവിശ്രമം.


കൈപ്പിടിയിലോതുങ്ങാതെ വഴുതി-
കൈവിട്ടുപോയ *വട്ടോനാണെന്‍ഭൂതകാലം.
കരള്‍നിറയെതട്ടിത്തെറിപ്പിച്ചദു:ഖത്തിന്‍ചെളിയും
കഴുകിക്കളഞ്ഞതെളിനീരിന്‍സന്തോഷവും 
കനല്‍കോരിയിട്ടപ്രണയിനിയുടെചുംബനങ്ങളും 
കവിലൂടൊലിച്ചിറങ്ങിയരണ്ടുതുള്ളി-
കണ്ണീരിലൊതുങ്ങിയകാപട്യസ്നേഹവും
കരകയറാന്‍സൌഹൃദത്തിന്‍മന്ത്രികമരുന്നുമദ്യവും
കൊഴിഞ്ഞുവീണവസന്തപുഷ്പങ്ങളെ -
കരിയിച്ചുണക്കിയ ഗ്രീഷ്മവും 
കിളിര്‍നാമ്പുകളുടെപ്രതീക്ഷതന്‍കരള്‍കുളിര്‍പ്പിച്ചവര്‍ഷവും  
കലക്കിമറിച്ചജീവിതസാഗരത്തിന്‍കാരണമായഋതുക്കളും 
കാലംതെറ്റിയമഴയിലൂടൊലിച്ചുപോയയെന്‍കളിവള്ളവും.
കുശുത്തുപോയകുളമാവിന്‍ചോട്ടിലിരുന്നപ്പോള്‍  
കുരുക്കഴിഞ്ഞതാണീ ഭൂതകാലചിത്രം.






*വട്ടോന്‍ - ഒരിനം മത്സ്യം



www.kanikkonna.com മലയാളിയുടെ മനസ്സിന്‍റെ ഗൃഹാതുരത

 വിശപ്പിന്റെവിളിയില്‍
കശാപ്പുശാലയില്
ഇറച്ചിയാവാനെത്തിയവള്‍
മരണനാഴികയ്ക്കായി
നിമിഷങ്ങള്‍തിന്നുന്നവര്‍ക്കിടയില്‍
കശാപ്പുമൃഗമായവള്‍
ഇനി
മൂര്‍ച്ചനോക്കി
കൂര്‍ത്തനഖങ്ങളില്‍ കോര്‍ത്തു
ചുണ്ടിലുടക്കിയ
കരളിന്റെകഷണങ്ങളായി.
കൃഷ്ണമണികളിലൂടെ.
ഉപ'ഭോഗ'വസ്തുവായി
തെരുവില്‍വിറങ്ങലിച്ചജഡമായി.
ഇവളെ.....

ഇനിയുംവിളിക്കണോ അഭിസാരികയെന്ന്.
 

ചിത


ഇനിയെനിക്കുറങ്ങാന്‍പൂമെത്തയില്ല
സഖീ നിനക്കുപകരാന്‍നെഞ്ചിലെചൂടും.
ഇവിടെയെന്‍കര്‍മ്മപാപം 
തലയ്ക്കലെരിയുന്നയീമുറിതേങ്ങയില്‍കത്തിയമരുവാന്‍
തണുത്തുവിറങ്ങലിച്ചജഡമായി ഞാന്‍കാത്തുകിടക്കുന്നു.
എരിയുന്നതിരിനാളത്തിലെനിക്കായോരീയല്‍
ആത്മാഹൂതിനടത്തുന്നത്‌ എന്നേക്കുമായടഞ്ഞ
കണ്‍കളാല്‍ ഞാന്‍കണ്‍നിറയെക്കണ്ടു.
ഇനിയെത്രനേരം ? ഈ തണുപ്പത്തിങ്ങനെ.
എനിക്കായുള്ളമഞ്ചല്‍ 
വെള്ളപുതച്ചശരീരതിനായിവെമ്പുന്നു.
ഇനിയെനിക്കൊന്നു തീകായണം.
ദര്‍ഭമോതിരമിട്ടവിരലാലെന്‍കണ്മണി-
യെനിക്കായുരുവിടുന്ന മന്ത്രംകേള്‍ക്കണം.
അവനെനിക്കായോഴുക്കുന്നതീര്‍ത്ഥത്തില്‍ 
കണ്ണീരിലെയുപ്പുകലരുന്നതുംകണ്ട് 
പച്ചമാവിന്‍വിറകില്‍ബന്ധനസ്ഥനായിക്കിടക്കണം.
കാല്‍ക്കലെനിക്കായികൂട്ടിയതീക്കനല്‍-
ചവച്ചുതുപ്പുന്നപുകയെനിക്കിനിവഴികാട്ടി.
ഇനിയാണെന്‍പ്രയാണംതുടങ്ങുന്നത് .
ഈചിതയില്‍നിന്ന് .

 (സമര്‍പ്പണം 
അകാലത്തില്‍ ഞങ്ങളെവിട്ടുപിരിഞ്ഞ പ്രിയസുഹൃത്ത്‌ ഉണ്ണികൃഷ്ണന്‍ ഡോക്ടര്‍ക്ക് 
Dr.ഉണ്ണികൃഷ്ണന്‍ )





  












 

കരള്‍കാര്‍ന്നുതിന്നുന്ന കഴുകന്‍റെകരളും 
കനിവാര്‍ന്ന കരളായിമാറുന്നനേരം,
കരിവിഷംചീറ്റുന്ന  കരിനാഗവും 
കനിവുള്ള നിനവായിമാറുന്നനേരം
മനസ്സില്‍തുളുമ്പുന്നമൃദുവാര്‍ന്നഭാവം 
പുലര്‍മഞ്ഞിന്‍കുളിരാര്‍ന്ന  മാതൃത്വഭാവം 




അണപൊട്ടിയോഴുകാന്‍വെമ്പും 
കൈകുഞ്ഞിന്‍കണ്ണീരിനെ
മുഖംമൂടിവാങ്ങാമെന്ന
പൊയ്തടയണയാല്‍കേട്ടുമ്പോളെന്‍മുഖത്ത്‌
ഞാനറിയാതെകെട്ടിയതും ഒരു 
"പൊയ്മുഖം"മൂടിയായിരുന്നില്ലേ ?.

ഓര്‍മ്മയുടെഇടുങ്ങിയഊടുവഴികളില്‍ 
പരതികണ്ടെത്തിയ നിറംമങ്ങിയപഴയവളചില്ലിനു 
എന്റെബാല്യകാലപ്രണയത്തിന്റെകൈത്തണ്ടയിലെ 
രക്തത്തിന്റെ നിറവും മണവുമുണ്ടായിരുന്നു.

 

 

ഇരുളിന്‍മറവില്‍ പതിയിരിക്കുന്നപാമ്പിലും 
 ഞാന്‍ ഭയക്കാത്തതെന്‍മരണത്തെ .
ദാഹിച്ചു തൊണ്ടവരളിലുംഞാന്‍നിനക്കാത്തത്'
ഒരുതുള്ളിത്തെളിനീര്‍.
കൊഴിഞ്ഞുതീരുന്നശിശിരത്തിലും ഞാന്‍കൊതിക്കാത്തത്‌ ,
ഒരു പൊഴിയുന്ന ദലമായിമാറാന്‍.
അടര്‍ന്നുവീഴുന്നകണ്ണീര്‍കണത്തില്‍ 
ഒരിക്കലും ഉപ്പായിരുനീലഞാന്‍.
അകന്നുപോകുന്നസായന്ദനങ്ങളില്‍  ഞാനാകാതിരുന്നത്, 
ഒരുകൊച്ചുപൂത്തുമ്പി.
ഇന്നീജീവിതസായന്ദനത്തില്‍  ഞാന്‍കൊതിക്കാഞ്ഞത് ,
ഒരു പൈതലാകാന്‍ .
ഒടുവിലെന്‍മരണശയ്യയില്‍  ഞാന്‍നിനക്കാഞ്ഞത്,
ഒരായിരം ജന്മംകൂടി.
ഇനി എനിക്കുവിധിച്ചത്,
പച്ചമണ്ണില്‍ലലിഞ്ഞുഞാനല്ലാതായിമാറാന്‍.  
പുതിയൊരുനിനവിന്റെ, കനവിന്റെ 
തുടക്കത്തിനായി , 'തിരുപ്പിറവിക്കായി'. 
 


 


 

ഞാന്‍ കണ്ട ജീവിത വര്‍ണ്ണങ്ങളായിരം.
എല്ലാം ജീവിതതാളുകളിലെകീറത്തുണ്ടുകളുടെ അവ്യക്തകൊളാഷ് .
ബാല്യത്തിന്റെ പകുതിയുംപൊട്ടിയസ്ലേറ്റില്‍വരച്ചത് 
കളിപ്പാട്ടങ്ങളുടെ മാസ്മരികവര്‍ണ്ണങ്ങളായിരുന്നില്ല,
കത്തുന്നവയറിന്‍വിശപ്പിന്റെവര്‍ണ്ണം.
കൌമാരത്തില്‍ പ്രണയിനിയുടെചുംബനചുവപ്പായിരുന്നില്ല ഞാന്‍കണ്ടവര്‍ണ്ണം,
പെറുക്കികൂട്ടിയതകരപ്പാട്ടയിലെ തുരുമ്പിന്‍ടെറ്റനസിന്റെമുഷിഞ്ഞനിറം.
യൌവ്വനത്തിലെവര്‍ണ്ണം പ്രതീക്ഷയുടെയായിരുന്നില്ല,
ഇല കൊഴിഞ്ഞശിശിരത്തിലെ നിരാശയുടെമാത്രം.
രാത്രിയുടെ കറുത്തവെളിച്ചത്തില്‍ ഇരുണ്ട , 
തെളിഞ്ഞമൂലകളില്‍ കണ്ടത് -
മാംസവില്‍പ്പനക്കാരുടെരതിവിരക്തിയുടെ 'കരിനീല'നിറം.
യുദ്ധംപുകയുന്ന പകയുടെനാട്ടില്‍കണ്ടത് 
പൌത്രദു:ഖത്താല്‍പിടയുന്ന മാതാക്കളുടെകണ്ണീരിന്‍വര്‍ണ്ണം.
ഇനി കാണാനുള്ളത് -
ജീവിതക്യാന്‍വാസില്‍ ഇനിയുംവരക്കാനായ് 
കണ്ണുനീരില്‍കുഴക്കുന്ന കൂട്ടുചായങ്ങളുടെ വര്‍ണ്ണമില്ലായ്മ.   

കുത്തിതുരന്ന ഹൃദയത്തിലുപ്പുകൂട്ടിച്ചതച്ച-
മുളകുതേച്ചസുഖവുമായി,
പിരിയാന്‍വയ്യെന്നുവിതുമ്പുന്നമനസിന്റെ -
നിക്കര്‍മാറ്റി, ചന്തിയില്‍പഴുക്കാചൂരല്‍പ്രയോഗംനടത്തി 
പൊടിയുന്നചോരയുമായിവലിച്ചിഴച്ചുകൊണ്ടുപോയ-
മനസിന്റെതേങ്ങലിതുമാത്രമായിരുന്നു,
ഒരുവേള നീയെന്നെയറിയാതറിഞ്ഞെന്നു 
വെറുതേനിനച്ചതാണറിയാതെഞാന്‍ചെയ്തോരാദ്യപിഴ.
അറിയുന്നൊരാത്മബന്ധത്തിന്നതിര്‍വരബറിയാതെ-
പോലുംകടന്നുപോകാതെന്നു 
കരളില്‍കുറിച്ചതാണെന്റെപെരുംപിഴ.
കണ്മൂടികൈയ്യിലാകള്ളതുലാസുമായ് 
മറു  കയ്യില്‍തുരുമ്പിച്ചിരുമ്പിന്റെവാളുമായ്
നില്‍ക്കുന്നോരന്ന്യായദേവതമുന്നിലെ 
കൊട്ടുവടിയാലന്നുതകര്‍ത്തതാണെന്റെയീനെഞ്ചകം.
പിന്നെയെന്‍കണ്ണീര്‍കുളംതേവി, ഒടുക്കത്തെകുളിയുംകഴിഞ്ഞ്‌
തലക്കല്‍ചന്ദനത്തിരിയുമായി -
ഒറ്റവാഴയിലയില്‍നീണ്ടുനിവര്‍ന്നുകിടന്നു.
ഇതുയാത്രാമൊഴി, തിരിച്ചുവരവില്ലാത്തത് .
എന്നെന്നേക്കുമായുള്ളനഷ്ടപ്പെടലിന്റേത് .
കലങ്ങിയകണ്ണിലൂടെഅവ്യക്തമായിമാത്രം 
ഞാന്‍കാണാന്‍കൊതിച്ചകാഴ്ച.
വീണ്ടുംപുകയുന്നൊരീ
ഹൃത്തില്‍തികട്ടുന്നതിതുമാത്രം 
എങ്കിലുമെന്തായിരുന്നെന്‍പെരുംപിഴ ?.


അതിഗംഭീരമായ  മോട്ടിവേഷന്‍  ക്ലാസുകള്‍ 
'Fire in The Belly' .
അരവയര്‍ നിറക്കാന്‍ വകയില്ലാത്തവന് 
ആരെകൊന്നായാലും വിശപ്പടക്കാനുള്ള തത്രപ്പാട് .
വിശപ്പിന്റെ  കത്തലില്‍  വയറുകരിയുന്നവന്  
ആമാശയത്തിലെ തീയാണുവലുത് .
ക്യാമ്പസിന്റെ ആരുംകാണാമൂലയില്‍ 
കെട്ടിമറിഞ്ഞ കാമകേളികള്‍ക്കൊടുവില്‍ 
ലിംഗ-യോനി സംഭോഗത്തില്‍ 
അടിവയറ്റിലൂറിവരുന്ന പാപ ജന്മത്തിന്‍ 
പടുതീകെടുത്താന്‍ -
സ്വകാര്യ ആശുപത്രിയിലെ കത്തിയും , കത്രികയു -
മടങ്ങുന്ന ഫയര്‍ ഫൈറ്റിംഗ് സിസ്റ്റം .
ഒടുവില്‍ ചവുട്ടികെടുത്തിയാകുപ്പയില്‍ 
പൂഴ്ത്തിവച്ച കരിക്കട്ട .
പഞ്ചനക്ഷത്ര ഹോട്ടലിലെ 
ശീതീകരിച്ച മുറിയിലെ അതിഗംഭീര 
മോട്ടിവേഷന്‍ ക്ലാസ് .
പറിച്ചെറിഞ്ഞ പടുതീചവിട്ടികടന്നാ-
ത്തരുണീമണികള്‍ നേരെ റാംപിലേക്ക് ,
ലോക സൌന്ദര്യധാമമാകാന്‍ .
വിശപ്പിന്റെ വിളിയില്‍ , സഹജന്റെ
കരളുപറിച്ചുതിന്നുന്ന ഡോക്കുമെന്ററികണ്ട് 
അതിന്റെ സത്തയുള്‍ക്കൊണ്ട് 
ആയിരംവായില്‍കയറിയിറങ്ങിയ 
ഫോര്‍ക്കും നൈഫുമായി ഇറച്ചിമാത്രംതിരിഞ്ഞ്
വായില്‍തിരുകികയറ്റി ചവച്ചുതുപ്പുന്നജൂറി .
അതിഗംഭീര ക്ലാസുകള്‍ , കൈയടികള്‍ .
പിന്നെ പഞ്ചനക്ഷത്ര വേശ്യാലയങ്ങള്‍തേടി 
സംഭോഗത്തിന്റെ പുതിയ 
മോട്ടിവേഷന്‍ ക്ലാസെടുക്കാനുള്ള യാത്ര .! 
What a motivational talk ! 
"Fire in The Belly".


ചെന്നിനായകത്തിന്‍  കൈപ്പില്‍  
കുഞ്ഞിനു നിഷേധിക്കപ്പെട്ടത്  
മാതൃത്വത്തിന്റെ മധുരമായിരുന്നു .
മാതാവുകാത്തുസൂക്ഷിച്ചത് 
മാറിടത്തിന്റെ വടിവും ! .

 

ഇതുവരെയും ഞങ്ങള്‍ താണ്ടിയത്
ഒരേവഴികളായിരുന്നു .
തറവാടും ഒരേഗര്‍ഭപാത്രമായിരുന്നു.
ധമനികളിലൂടെയോടിയിരുന്ന
രക്തവര്‍ണ്ണവും ചുവപ്പായിരുന്നു.
അത്യാഗ്രഹത്തിന്റെ പെരുവഴിയിലെവിടെയോ-
'കറുത്തചോരവാര്‍ന്ന' ഹൃദയവുമായി പിടയുമ്പോള്‍
ഞാന്‍ കേട്ടതിതുമാത്രം -
" ഈ ജിവിതതിരക്കിന്‍വഴിയില്‍
നീയെനിക്കു വെറുമപരിചിതന്‍മാത്രം".

ഓര്‍മ്മകളുടെ ഇരുട്ടറയില്‍ ഞാന്‍ തടവിലായിരുന്നു.
വേദനകളുടെ കിടക്കയായിരുന്നു  എന്നും
കാലം എനിക്കായി വിരിച്ചത്.
കണ്ണുനീരിന്റെ ഉപ്പായിരുന്നു  
എന്റെ നാവറിഞ്ഞിരുന്ന ഒരേയൊരു രുചി.
നിറകണ്ണുനീരിന്‍ പ്രിസത്തിലൂടെയുള്ള
അവ്യക്തതയായിരുന്നു എന്നും എന്റെ കാഴ്ച.
ഏകാന്തതയായിരുന്നു എന്നും എന്റെ കൂട്ടുകാരി.
എന്നിലവശേഷിച്ചിരുന്ന ഒരെയോരുവികാരം
ഭയമായിരുന്നു -
ശിഷ്ടജീവിതം ജീവിച്ചുതീര്‍ക്കാനുള്ള ഭയം.
ഓരോ ശവസംസ്കാരവാര്‍ത്തകളും 
ഞാന്‍ കേട്ടിരുന്നത് 
ഒരായിരം പ്രതീക്ഷകളോടെയായിരുന്നു.
എന്റെ ഊഴത്തിനായുള്ള കാത്തിരിപ്പോടെ
എന്റെ ശവസംസ്ക്കാരത്തിനായി.  

ഇരുട്ടിന്റെ ഭയത്തിലും
പ്രതീക്ഷയുടെ പുത്തന്‍ പ്രഭാതത്തിനായിരുന്നു
പൂമോട്ടുകാത്തിരുന്നത്.തന്റെ വശ്യ ഭംഗി ലോകത്തെ കാണിക്കാന്‍ .

വിശപ്പിന്റെ വിളിയില്‍

പുഴുക്കുഞ്ഞുതിന്നുതീര്‍ത്തതും
ആ പ്രതീക്ഷയായിരുന്നു .ചിരകുവിരിച്ചുലോകത്തെ കാണിക്കാനുള്ള

പുത്തന്‍ പ്രതീക്ഷക്കായി ...








ഇരുട്ടില്‍ നിന്നും വെളിച്ചത്തിന്റെ

മേച്ചില്‍പുറങ്ങള്‍തേടാന്‍ മാറിന്റെചൂടില്‍
അടവെച്ച വികാരത്തിന്റെ മുട്ടകള്‍ ...
കണ്ണുനീരിന്റെ ഉപ്പുകൂട്ടികഴിക്കാന്‍
ബാക്കിവച്ച അവസാനത്തെ ഉരുള...
ജീവന്റെ തിരക്കിട്ടവഴികളില്‍ നിന്നും
ഓര്‍മ്മയുടെ തിരക്കൊഴിഞ്ഞ
ഊടുവഴിയിലേക്ക് ഒരു പ്രയാണം
ചോരവാര്‍ന്നഹൃത്തിന്റെ ജീവിക്കാനുള്ള
ഒടുക്കത്തെ മോഹം ...( നടക്കാത്തത്) ...
ഒടുവില്‍ തലക്കലീചന്ദനതിരിയായി
ഓര്‍മ്മതന്‍ തീയിലെരിഞ്ഞുതീര്‍ന്നീടാത്ത
ഒരു നേര്‍ത്തശ്വാസമായ്...
ബാക്കിവച്ചോരീപുക...വെളിച്ചത്തിന്റെ
കുഴിമാടത്തിലെ കാലത്തിന്‍ കാറ്റിലെരിയാന്‍
കൊതിച്ച്ചോരീ കരുന്തിരി ..,
എന്റെ ജീവചരിത്രം ...
കാലമെഴുതിയത് ...

വിട ...


ഇവിടെ ഒരിക്കല്‍കൂടി, ഓര്‍മ്മകളുറങ്ങുന്ന ഈ നടക്കല്ലില്‍ 
ഓര്‍മ്മകളുടെ ഭാണ്ഡം അഴിച്ചുവച്ച് വീണ്ടും ഒരു പഥികനായി 
ഓര്‍മ്മയിലെ സുഖമുള്ള കുട്ടിക്കാലത്തേക്ക് ഇനിയൊരു തിരിച്ചുപോക്ക്,
അതുണ്ടാവുമെന്നുള്ള അവസാന പ്രതീക്ഷയും 
കയ്യിലെ വിഷക്കുപ്പിയില്‍ ഞാന്‍ അലിയിച്ചുചേര്‍ത്തിരുന്നു.
ഇനിയൊരു വിടവാങ്ങല്‍ ...
ഓര്‍മ്മകള്‍ നനയാതെ ഞാന്‍ കാത്തുസൂക്ഷിച്ചിരുന്ന 
ആ കാലന്‍കുടയും  എവിടെയോ കൈമോശം വന്നിരിക്കുന്നു .
ആരോടും വിടപറയാ‍നീല്ലാത്തവന്റെ ഒടുക്കത്തെ വിടപറച്ചില്‍.
ഓര്‍മ്മകളുടെയുമിനീരിനോപ്പം ജീവിതവിഷം -
'രുചിച്ചിറക്കുമ്പോഴും' വേദനതോനുന്നുണ്ടായിരുന്നില്ല..
അപ്പോഴും  ആ നടക്കല്ലിലിരുന്ന്‍ ഓര്‍മ്മകളുടെ ചിറകേറിപ്പറക്കാന്‍
തൂവല്‍മിനുക്കുകയയിരിന്നു, ഓര്‍മ്മത്തൂവല്‍ ..




Older Posts Home

Blogger Template by Blogcrowds